ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1959-ന് മുമ്പ് വനപ്രദേശമായിരുന്ന അതിരപ്പിള്ളി ഗ്രാമത്തിലെ വനമേഖല വിമുക്തഭടന്‍മാര്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ നാലര ഏക്കറോളം വരുന്ന ബ്ലോക്കുകള്‍ ഓരോരുത്തര്‍ക്കും കൈവന്നു. ഇവരാണ് ഇവിടുത്തെ ഭൂവുടമകളായി മാറിയത്. റോഡ് മാത്രമാണ് പഞ്ചായത്തിലെ ഏക ഗതാഗതമാര്‍ഗ്ഗം. നീണ്ടകാലത്തെ ഗതാഗത പാരമ്പര്യമുള്ള റോഡാണ് ആനമല റോഡ് എന്നറിയപ്പെടുന്ന വാല്‍പ്പാറ-കൊച്ചിന്‍ റോഡ്. ഈ പഞ്ചായത്തില്‍ ഈ റോഡിലൂടെയാണ് ആദ്യമായി ഒരു ബസ്സ് ഗതാഗതം എ.ബി.റ്റി കമ്പനി ആരംഭിച്ചത്. ആദ്യകാലത്ത് കല്‍ക്കരി ഇന്ധനമാക്കിയാണ് എ.ബി.റ്റി ബസ്സുകള്‍ ഓടിയിരുന്നത്. റ്റാറ്റാ ടീ കമ്പനിക്ക് കൊച്ചിയിലേക്ക് തേയില കൊണ്ടുപോകുന്നതിനുവേണ്ടിയാണ് ഈ റോഡ് ബ്രിട്ടീഷുഭരണകാലത്ത് നിര്‍മ്മിച്ചത്. 88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ 74 കിലോമീറ്റര്‍ നീളവും അതിരപ്പിള്ളി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പഞ്ചായത്തിന്റെ പൂര്‍വ്വകാല വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നതുതന്നെ വെറ്റിലപ്പാറ പഞ്ചായത്തിന്റെ രൂപീകരണത്തോടെയാണ്. വനമേഖലയായ വെറ്റിലപ്പാറയില്‍ 1957-ലാണ് ഒരു എക്സ് സര്‍വ്വീസ്മെന്‍ കോളനി സ്ഥാപിക്കപ്പെടുന്നത്. പ്രസ്തുത കോളനിനിവാസികളാണ് ഇവിടുത്തെ ഇന്നത്തെ പ്രധാന ജനവിഭാഗം. മുകുന്ദപുരം താലൂക്കിലെ ഏറ്റവും വിസ്തൃതമായ പരിയാരം പഞ്ചായത്ത് വിഭജിക്കപ്പെട്ട് പുതിയ വെറ്റിലപ്പാറ പഞ്ചായത്ത് രൂപീകൃതമാവുകയും മൊഴിമാറ്റത്തിലൂടെ, ഇന്നറിയപ്പെടുന്നവിധം അതിരപ്പിള്ളി പഞ്ചായത്തായി പിന്നീട് പരിണമിക്കുകയുമാണുണ്ടായത്. നിഷ്കളങ്കരും സത്യസന്ധരുമായ പട്ടികവര്‍ഗ്ഗക്കാരായിരുന്നു നൂറ്റാണ്ടുകളായി ഈ പ്രദേശത്തെ ആദിമനിവാസികള്‍. ഗോത്രവര്‍ഗ്ഗസംസ്കാരത്തിന്റേയും ദ്രാവിഡ സംസ്കാരത്തിന്റേയും അടയാളങ്ങള്‍ ഈ പഞ്ചായത്തില്‍ ഇന്നും കാണാം. കാളി, ശാസ്താവ്, മുരുകന്‍, ഗണപതി മുതലായവരാണ് വനവാസികളുടെ ആരാധനാ മൂര്‍ത്തികള്‍. മരണപ്പെട്ടുപോയ മുന്‍ഗാമികളെ കാര്‍ന്നന്‍മാര്‍ എന്നു പേരുവിളിച്ചും ആരാധിച്ചുപോരുന്നു. ഇവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ ഉത്സവകാലങ്ങളില്‍ നടത്തുന്ന പൂജ,ബലികര്‍മ്മങ്ങള്‍,ഉറഞ്ഞുതുള്ളല്‍,കൊട്ട്, പാട്ട് തുടങ്ങി ആകര്‍ഷകമായ പലചടങ്ങുകളും ഓരോ സമുദായക്കാരും തനതായ അനുഷ്ഠാനങ്ങളോടെ നടത്തിപ്പോരുന്നുണ്ട്. അടിച്ചില്‍ത്തൊട്ടിയിലെ മുതുവാന്‍മാരും, മലക്കപ്പാറയിലെ കാടന്‍മാരും, തവളക്കുഴിപ്പാറയിലെ മലയന്‍മാരും ഇത്തരത്തിലുള്ള ഉത്സവങ്ങള്‍ എല്ലാവര്‍ഷവും നടത്തിവരുന്നുണ്ട്. കോളനികളുടെ ഒരു സങ്കേതമാണ് അതിരപ്പിള്ളി പഞ്ചായത്തെന്നു പറയാം. അതുകൊണ്ടുതന്നെ ഓരോ കോളനികളും കേരളത്തിന്റെ ഓരോ ചെറിയ പതിപ്പുകളാണ്. എക്സ്സര്‍വ്വീസ്മെന്‍കോളനി, കണ്ണങ്കുഴി പട്ടികജാതികോളനി എന്നിവ എടുത്തുപറയത്തക്കവിധം പരസ്പരവിരുദ്ധമായ സംസ്കാരവിശേഷങ്ങളുള്ള കോളനികളാണ്. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വന്നുചേര്‍ന്നവരുടെ സമ്മിശ്രസംസ്കാരമാണിവിടെയുള്ളത്. മറ്റൊരു പ്രധാന ജനവിഭാഗം മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളിലും വെറ്റിലപ്പാറയിലെ തേയിലത്തോട്ടങ്ങളിലും വെറ്റിലപ്പാറയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളിലും ജോലിക്കായി തമിഴ്നാടടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയിലെ ഇതര പഞ്ചായത്തുകളെ അപേക്ഷിച്ച് അതിരപ്പിള്ളി പഞ്ചായത്തിന് പ്രത്യേകതകള്‍ പലതുമുണ്ട്. 74 കിലോമീറ്റര്‍ നീളമുള്ള പഞ്ചായത്തില്‍ ജനവാസമുള്ള പ്രദേശങ്ങള്‍ അങ്ങിങ്ങായി ഒറ്റപ്പെട്ടുകിടക്കുന്നു. വിവിധ പട്ടികജാതി വിഭാഗങ്ങളും, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും പാര്‍ക്കുന്ന ഒട്ടേറെ കോളനികള്‍ ഈ പഞ്ചായത്തിലുണ്ട്. വെറ്റിലപ്പാറ എക്സ്സര്‍വ്വീസ്മെന്‍ കോളനി സ്ഥാപിതമാകുന്നതിനു മുമ്പത്തെ ഈ പഞ്ചായത്തിന്റെ ചരിത്രം, പട്ടികവര്‍ഗ്ഗവിഭാഗങ്ങളിലെ മനുഷ്യരുടെ ചരിത്രമാണെന്ന് പറയാം. ഈ പഞ്ചായത്തിലെ മനുഷ്യചരിത്രമെഴുതുമ്പോള്‍ ആദ്യം എഴുതേണ്ടത് മലയന്‍ സമുദായക്കാരുടെ ചരിത്രമാണ്. ആദ്യമായി ഒരു വിദ്യാലയം ഈ പഞ്ചായത്തിലുണ്ടായതും അന്നത്തെ ആദിവാസി മലയന്‍മാരുടെ മക്കളെ വിദ്യയഭ്യസിപ്പിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. നാട്ടുകാരുമായി എളുപ്പം ഇണങ്ങുന്ന ഇക്കൂട്ടര്‍ സൌന്ദര്യത്തിലും രൂപഭാവങ്ങളിലും നാട്ടുകാരോട് സാദൃശ്യമുളളവരാണ്. വനവിഭവങ്ങള്‍ ശേഖരിക്കല്‍, കൃഷി എന്നിവയിലൊക്കെ തല്പരരായ ഇവര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും താരതമ്യേന ഭേദമാണ്. ജനസംഖ്യയില്‍ വളരെ കുറവാണെങ്കിലും നാട്ടുകാരുമായി സഹകരിച്ച് വനത്തില്‍നിന്ന് നാട്ടില്‍വന്ന് കൈത്തൊതൊഴിലുകള്‍, കൂലിപ്പണി എന്നിവ ചെയ്തു ജീവിച്ചുപോരുന്നു. ഇടുക്കി ജില്ലയില്‍നിന്നും പാലക്കാടു ജില്ലയിലെ പറമ്പിക്കുളത്തുനിന്നും വന്ന് കുടില്‍വച്ച് താമസിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. ഇടമലയാര്‍ റിസര്‍വോയര്‍ നിലവില്‍ വന്നതോടെ ഇടുക്കി ജില്ലയുടെ വടക്കേ അതിരില്‍ തൃശൂര്‍ ജില്ലയോടടുത്ത വനാന്തര്‍ഭാഗത്തു കഴിഞ്ഞിരുന്ന ഇക്കൂട്ടര്‍ക്ക് ഇടുക്കിയുമായുള്ള ബന്ധം അറ്റുപോയി. പുരാതന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട മുതവന്‍മാര്‍ മറ്റ് ആദിവാസി വിഭാഗങ്ങളേക്കാള്‍ ജാതിയില്‍ ഉയര്‍ന്നവരായി കരുതുന്നു. നാട്ടുകാരായ കച്ചവടക്കാരെ ആകര്‍ഷിക്കാനും കാട്ടില്‍ അവര്‍ക്ക് സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാനും മറ്റും മന്നാന്‍മാര്‍ താല്പര്യം കാണിക്കുന്നു. തദ്ദേശലഭ്യമായ വസ്തുക്കളുപയോഗിച്ച് വളരെ സൌകര്യപ്രദവും മനോഹരവുമായ വീടുകളാണ് ഇവരുണ്ടാക്കുന്നത്. ഈറ്റ, മുള, ചൂരല്‍, ചെറിയ തടികള്‍ (കഴകള്‍) എന്നിവയാണ് വീടുനിര്‍മ്മാണ സാമഗ്രികള്‍. മണ്ണുകൊണ്ട് ഉറപ്പുള്ള തറയുണ്ടാക്കി അതില്‍ പരമ്പരാഗതമായ കണക്കുകള്‍ പ്രകാരം കാല്‍പ്പാദങ്ങള്‍കൊണ്ട് അകലം നിശ്ചയിച്ച് തൂണുകള്‍ സ്ഥാപിച്ച് കൃത്യമായ അളവില്‍ മുറികള്‍ക്കുള്ള അളവു നിശ്ചയിച്ച് പുരുഷന്റെ തലമുട്ടാവുന്ന ഉയരത്തില്‍ ഇടബന്ധങ്ങള്‍ വച്ച് ഈറ്റകൊണ്ടു കഴുക്കോലുകളും ഈറ്റിലകൊണ്ട് മേച്ചിലും നടത്തി ഈറ്റപൊളിച്ചുണ്ടാക്കിയ വാരികള്‍കൊണ്ട് വലപോലെ നെയ്തുണ്ടാക്കി ഈറ്റ ഇലകള്‍ കാറ്റില്‍പ്പറന്നുപോകാതെ പുരപ്പുറം ഭദ്രമാക്കി ഉറപ്പിക്കുന്നു. ഈ പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ താമസിക്കുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്ത് കണ്ണന്‍കുഴി കോളനിയിലാണ്. മറ്റുള്ള പ്രദേശങ്ങള്‍ നിബിഡവനങ്ങളാണ്. അതിരപ്പിള്ളി പഞ്ചായത്തിന്റെ വളരെ ഫലപുഷ്ടവും വികസനസാധ്യതയുള്ളതുമായ പുഴയോരപ്രദേശത്ത് ചിക്ളായി മുതല്‍ കണ്ണങ്കുഴിത്തോട് വരെയുള്ള പ്രദേശത്ത് (500 ഏക്കര്‍) എണ്ണപ്പന കൃഷി ചെയ്തിരിക്കുകയാണ്. v